തിരുവനന്തപുരം: 25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യാന്തര തുറമുഖ നിര്‍മാണ പദ്ധതിയായ വിഴിഞ്ഞം കരാറില്‍ ഒപ്പ് വച്ചു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരളത്തിന് വേണ്ടി ഒപ്പിട്ടത് പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദാനി ഗ്രൂപ്പിന് വേണ്ടി സി.ഇ.ഒ സന്തോഷ് മഹാപത്രയും ഒപ്പിട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വകുപ്പു മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം. മാണി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ഭക്ഷ്യവകുപ്പുമന്ത്രി അനൂപ് ജേക്കബ്, സ്പീക്കര്‍ ജി. ശക്തന്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, പദ്ധതി നടത്തിപ്പിലുള്ള വിയോജിപ്പിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.
25 വര്‍ഷത്തെ കേരളത്തിന്റെ സ്വപ്നമാണ് പൂവണിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞത്തെ മാറ്റുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങും. നാലു വര്‍ഷത്തിനകം ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും പദ്ധതി അദാനി ഗ്രൂപ്പിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ ഒപ്പു വയ്ക്കുന്നതിന് മുന്നോടിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി നടത്തിപ്പിലുള്ള ആശങ്ക അദേഹം അദാനിയെ അറിയിക്കുകയും ചെയ്തു.
5552 കോടി രൂപ മുതല്‍മുടക്കുള്ള ഒന്നാംഘട്ട നിര്‍മാണത്തില്‍ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്. പ്രത്യക്ഷ പരോക്ഷ നികുതിയിനത്തില്‍ ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു. നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാകും.


