തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിബന്ധനകളോടെ അനുമതി നല്‍കി.
അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു ബാധകമല്ലെന്നും ജൂലായ് രണ്ടു വരെ ഇത് സംബന്ധിച്ച് പൊതുയോഗങ്ങളോ പരസ്യപ്രചാരങ്ങളോ പാടില്ലെന്നും ചീഫ് ഇലക്ടറല്‍ ഓഫീസറെ കേന്ദ്രം അറിയിച്ചു. ഇതോടെ കരാറുമായി മുന്നോട്ടു പോകാനുള്ള എല്ലാ അനുമതികളും സര്‍ക്കാരിന് ലഭിച്ചു.
സര്‍വകക്ഷി യോഗത്തിനുശേഷം കഴിഞ്ഞ 10നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അദാനി ഗ്രൂപ്പിനെ പദ്ധതി ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ തുടര്‍നടപടികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കരാര്‍ ഒപ്പിടാന്‍ അനുമതി ആവശ്യപ്പെട്ട് അന്നുതന്നെ മുഖ്യമന്ത്രി ഫയല്‍ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു തുറമുഖ നിര്‍മാണം ആരംഭിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രഖ്യാപനം.


