വില്ലന്‍ വേഷത്തിലേക്ക് ചുവട് മാറ്റി അരവിന്ദ് സ്വാമി

തെന്നിന്ത്യന്‍ സിനിമ കണ്ട അതിസുന്ദരനായ നായകന്‍ അരവിന്ദ് സ്വാമി ആദ്യമായി വില്ലന്‍വേഷത്തില്‍ എത്തുന്നു. എം. രാജ സംവിധാനം ചെയ്യുന്ന ‘തനി ഒരുവന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമി വില്ലന്‍ വേശത്തില്‍ എത്തുന്നത്.

പ്രേക്ഷകരുടെ ആകാംക്ഷ മുള്‍മുനയിലെത്തിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നുകഴിഞ്ഞു.

ഒരു കാലത്ത് സ്ത്രീ പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു അരവിന്ദ് സ്വാമി. 1992ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ റോജ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

റോജ, ബോംബെ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ താരമാവുകയായിരുന്നു അരവിന്ദ് സ്വാമി. പിന്നീട് മിന്‍സാര കനവ്, ദേവരാഗം, സാത്ത് രംഗ കെ സപ്‌നെ, രാജാ കൊ റാണി സെ പ്യാര്‍ ഹൊ ഗയാ എന്നീ സിനിമകളില്‍ നായകവേഷം ചെയ്‌തെങ്കിലും അധികം കാലം പിടിച്ചു നില്‍ക്കാന്‍ ഈ താരത്തിനു കഴിഞ്ഞില്ല.

മണിരത്‌നത്തിന്റെ അലൈ പായുതെയില്‍ അഭിനയിച്ചെങ്കിലും അത് ഒരു അതിഥി വേഷത്തില്‍ ഒതുങ്ങി. പിന്നീട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയില്‍ എത്തുന്നത്. മണിരത്‌നത്തിന്റെ ‘കടല്‍’ എന്ന സിനിമയിലൂടെ. ശക്തമായ വേഷമായിരുന്നെങ്കിലും സിനിമ പരാജയമായതോടെ അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് ശ്രദ്ധിക്കപ്പെടാതെ പോയി.

അങ്ങനെയിരിക്കെയാണ് ‘തനി ഒരുവന്‍’ എന്ന ചിത്രത്തിലെ വില്ലന്‍വേഷം തേടിയെത്തുന്നത്. സുന്ദരനും സദ്ഗുണ സമ്പന്നനുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അരവിന്ദ് സ്വാമിയുടെ കരിയര്‍ വീണ്ടെടുക്കാന്‍ ഈ വില്ലന്‍ വേഷം സഹായിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Top