മുംബൈ: ബോണ്ട് വിപണിയില്‍ നേട്ടം വര്‍ധിച്ചതോടെ ഇന്ത്യന്‍ കമ്പനികള്‍ പുതിയ കടപ്പത്രങ്ങള്‍ ഇറക്കുന്നത് നീട്ടിവെച്ചു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍), ജിഐസി ഹൗസിങ് എന്നീ കമ്പനികളാണ് കടപ്പത്രം ഇറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ആഗോള കടപ്പത്ര വിപണിയിലെ സാഹചര്യങ്ങള്‍, അസംസ്‌കൃത എണ്ണവില വര്‍ധന, രൂപയുടെ മൂല്യം കുറയല്‍, വിദേശ നിക്ഷേപം പുറത്തേയ്ക്ക് ഒഴുകുന്നത് തുടങ്ങിയവയാണ് കടപ്പത്രങ്ങളുടെ നേട്ടം വര്‍ധിക്കാനുണ്ടായ പെട്ടെന്നുള്ള കാരണങ്ങള്‍.
മൂന്ന് വര്‍ഷ കാലാവധിയുള്ള കടപ്പത്രത്തിലൂടെ 1,500 കോടി രൂപ സമാഹരിക്കാനായിരുന്നു സെയില്‍ ലക്ഷ്യമിട്ടിരുന്നത്. ജിഐസി ഹൗസിങിന്റെ ലക്ഷ്യം 100 കോടിരൂപയുമായിരുന്നു. 8.25 മുതല്‍ 8.30 ശതമാനംവരെ പലിശനിരക്കായിരുന്നു സെയില്‍ വാഗ്ദാനം ചെയ്യാനിരുന്നത്. എന്നാല്‍8.50 മുതല്‍ 8.70ശതമാനം നിരക്കുവരെയാണ് വിപണിയിലെ നിലവാരം.
ഏപ്രില്‍ അവസാനത്തില്‍, സര്‍ക്കാര്‍ പുറത്തിറക്കിയ പത്ത് വര്‍ഷ കടപ്പത്രത്തിന് 7.86ശതമാനം നിരക്കായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചയിലെ ക്ലോസിങ് പ്രകാരം ഇത് 7.98 ശതമാനമായി. ആഭ്യന്തര വിപണിയില്‍ വിദേശ സ്ഥാപനങ്ങള്‍ വില്പനക്കാരായാതോടെ നേട്ടനിരക്കില്‍ വര്‍ധനവുണ്ടായി. ട്രിപ്പില്‍ എ റേറ്റിങ് ഉള്ള പത്ത് വര്‍ഷകാലാവധിയുള്ള കടപ്പത്രങ്ങളുടെ നേട്ടം 8.34ശതമാനമായും ഉയര്‍ന്നു.


