മെക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസിന് ഇനി സ്വതന്ത്രമായ പുതിയ വേര്‍ഷനുകളുണ്ടാകില്ല. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അവസാന പതിപ്പായിരിക്കും വിന്‍ഡോസ് 10 എന്ന് മൈക്രോസോഫ്റ്റ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇതുപ്രകാരം ഇനി വിന്‍ഡോസ് 11 ഉണ്ടാകില്ല. പകരം, വിന്‍ഡോസ് 10 ന്റെ പരിഷ്‌ക്കിരിച്ച വേര്‍ഷനുകളാകും കമ്പനി പുറത്തിറക്കുക. മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ചരിത്രത്തില്‍ പുതിയ വഴിത്തിരിവാണ് ഈ തീരുമാനം.
മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ആദ്യ സ്വതന്ത്ര വേര്‍ഷന്‍ പുറത്തിറങ്ങിയത് 1985 ലാണ്. അന്നിറങ്ങിയത് വിന്‍ഡോസ് 1.0 ആണ്. 30 വര്‍ഷംകൊണ്ട് പല വേര്‍ഷനുകള്‍ പിന്നിട്ട് ഇപ്പോള്‍ വിന്‍ഡോസ് 10 ലെക്ക് എത്തുന്നു. വിന്‍ഡോസ് എക്‌സ്പി, വിഡോസ് വിസ്ത, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയാണ് ഏറ്റവും ഒടുവിലിറങ്ങിയ വിന്‍ഡോസ് പതിപ്പുകള്‍.
വിന്‍ഡോസ് 8.1 കഴിഞ്ഞ് വിന്‍ഡോസ് 9 ഇറക്കാത്തത് തന്നെ, പുതിയൊരു തുടക്കമാകട്ടെ വിന്‍ഡോസ് 10 എന്ന മൈക്രോസോഫ്റ്റിന്റെ പുതിയ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. മാത്രമല്ല, ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 10 വരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
പുതിയ പതിപ്പുകള്‍ ഇറക്കുന്നതിന് പകരം വിന്‍ഡോസ് 10 തുടര്‍ച്ചയായി പരിഷ്‌ക്കരിക്കുമ്പോള്‍ എന്തായിരിക്കും ഉപയോക്താവ് നല്‍കേണ്ട ഫീസ് തുടങ്ങിയ സംഗതികള്‍ക്ക് ഇനിയും വ്യക്തതയില്ല. മൈക്രോസോഫ്റ്റ് അതിന്റെ പുതിയ തന്ത്രം വെളിപ്പെടുത്തുംവരെ ഇതറിയാന്‍ കാത്തിരുന്നേ മതിയാകൂ.


