വിദ്യാര്‍ഥിയുടെ മൊബൈല്‍ പിടിച്ചുവെച്ച അധ്യാപികക്ക് രക്ഷിതാവിന്റെ മര്‍ദ്ദനം

ജലന്തര്‍: വിദ്യാര്‍ഥിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രധാന അധ്യാപികയെ രക്ഷിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. പഞ്ചാബിലെ ജലന്തറിലെ പ്രശസ്തമായ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറം ലോകം അറിയുകയായിരുന്നു.

പ്രധാന അധ്യാപികയെ അവരുടെ ഓഫിസില്‍ കയറി രക്ഷിതാവ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യഘട്ടത്തെ കയ്യേറ്റത്തിന് ശേഷം പാതി ശാന്തയായ കുട്ടിയുടെ അമ്മ പ്രധാന അധ്യാപിക പ്രത്യാക്രമണത്തിന് മുതിര്‍ന്നതോടെയാണ് കൂടുതല്‍ അക്രകാരിയായത്.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയില്‍ നിന്നാണ് സ്‌കൂള്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു കുട്ടിയുടെ അമ്മയുടെ അപ്രതീക്ഷിതമായ പെരുമാറ്റം. പ്രധാന അധ്യാപിക പ്രകോപിപ്പിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നാണ് രക്ഷകര്‍ത്താവിന്റെ വിശദീകരണം. സ്‌കൂളിലെ ഒരു അധ്യാപകന്‍ തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് ഈ രക്ഷിതാവ് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോളാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Top