ബസ്തര്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു വരുംതലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ മാവോയിസ്റ്റുകള്‍ സ്‌കൂളുകളില്‍ ആയുധപരിശീലനം നല്‍കുന്നു. ചത്തീസ്ഗഢിലെ ബസ്തറിലാണ് സംഭവം. ഗോത്രവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരെ മാറ്റി കുട്ടികള്‍ക്ക് ആയുധങ്ങള്‍ പരിചയപ്പെടുത്തി പരിശീലനം നല്‍കുന്നതിന്റെ വിഡിയോ പുറത്തുവന്നു.
പുസ്തകങ്ങള്‍ക്കു പകരം തോക്കുകളും ബോംബുകളും മറ്റ് ആയുധങ്ങളെ പറ്റിയുമാണ് ഇവിടെ പഠിപ്പിക്കുന്നത്. അധ്യാപകരായി വരുന്നത് മാവോയിസ്റ്റുകളും. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ പലപ്പോഴും പഠിപ്പിക്കാന്‍ വരുന്നത് അധ്യാപകര്‍ മുടക്കും. ഈ സ്ഥിതിയാണ് മാവോയിസ്റ്റുകള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നത്. കുട്ടികളെ തീരെ ചെറുപ്പത്തിലെ മാവോയിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിക്കുകയാണ് ഇതുവഴി ചെയ്യുക.
കുട്ടികളെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യാന്‍ കഴിയും ഒപ്പം, കുട്ടികളായിരിക്കുമ്പോള്‍ രൂപപ്പെടുന്ന അഭിപ്രായം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. ഇതുവഴി മുതിര്‍ന്നാലും മാവോയിസ്റ്റുകളോടു ആഭിമുഖ്യം നിലനിര്‍ത്താന്‍ കുട്ടികള്‍ക്കു കഴിയും. ബാല്‍ ആക്ഷന്‍ ടീമിന്റെ ഭാഗമായാണ് ഇത്തരം കേഡറുകള്‍ മാവോയിസ്റ്റുകള്‍ രൂപീകരിക്കുന്നത്. മേഖലയില്‍ നേരത്തേ ബാല്‍ സംഘമങ്ങളും ഛത്ര സംഘമങ്ങളും നടത്തിയിരുന്നു. വിവരം നല്‍കാനും ശേഖരിക്കാനും കുട്ടികളെ ഇവര്‍ ഉപയോഗിക്കുന്നു. ഇതുകൂടാതെ, ഏറ്റുമുട്ടലുകളില്‍ കവചമാക്കാനും കുട്ടികളെ ഉപയോഗിക്കുന്നു.
പുറത്തുവന്ന ഒരു വിഡിയോയില്‍ ബസ്തറിലെ ചോര്‍ കോണ്ട മേഖലയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ക്രൂരമായ മാര്‍ഗങ്ങള്‍ (രക്തം വീഴ്ത്തുക ഉള്‍പ്പെടെ) ഉപയോഗിച്ചു തിരിച്ചടിക്കാനാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. കൂടാതെ, ജീവത്യാഗം ചെയ്യുന്നതിനെക്കുറിച്ചും പറയുന്നു.


