ന്യൂഡല്‍ഹി: ആഭ്യന്തര, വിദേശ യാത്രാവേളകളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവാക്കിയ പണത്തിന്റെ കണക്ക് അറിയില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസ്. വിവരാവകാശ നിയമപ്രകാരം രോഹിത് കുമാര്‍ നല്‍കിയ അപേക്ഷയിലാണ് ഈ മറുപടി നല്‍കിയത്. ഇതു സംബന്ധിച്ച് യഥാര്‍ഥ വിവരം ലഭ്യമല്ലെന്നായിരുന്നു മറുപടി.
മോദിയുടെ വസ്ത്രധാരണത്തെക്കുറിച്ചു രാജ്യം ഏറെ ചര്‍ച്ച ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ സ്വന്തം പേര് അച്ചടിച്ച സ്യൂട്ട് മോദി ധരിച്ചത് വിവാദത്തിന് ഇടനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചത്. വസ്ത്രങ്ങള്‍ വാങ്ങാന്‍ വേണ്ടി ഖജനാവില്‍ നിന്നാണോ പണം ചെലവാക്കിയതെന്നും എത്ര രൂപ മുടക്കിയെന്നും രോഹിത് ചോദിച്ചു. എന്നാല്‍ ഇതേക്കുറിച്ചും യാതൊരു അറിവില്ലെന്നും മറുപടിയില്‍ പറയുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണമടക്കം സകല ചെലവുകളും വഹിക്കുന്നത് സര്‍ക്കാരാണെന്നും ഇതു മറച്ചുവച്ചാണു മറുപടി നല്‍കിയതെന്നും രോഹിത് കുമാര്‍. പ്രധാനമന്ത്രിക്കായി ചെലവഴിച്ച തുകയുടെ കൃത്യമായ വിവരം ശേഖരിച്ചു വയ്ക്കാനുള്ള ചുമതല അദ്ദേഹത്തിന്റെ ഓഫിസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഡീശയില്‍ നിന്നു നിയമ വിദ്യാര്‍ഥിയാണു രോഹിത് കുമാര്‍.


