വിദേശ വിപണിയില്‍ നിന്ന് മൂലധന സമാഹരണത്തിനൊരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിദേശ വിപണിയില്‍ നിന്ന് മൂലധന സമാഹരണം നടത്താനൊരുങ്ങി എയര്‍ ഇന്ത്യ. വിദേശ വിപണിയില്‍ നിന്ന് പണം കണ്ടെത്തുന്ന എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോവിംഗ് രീതിയിലൂടെ 30 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ തീരുമാനം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് എയര്‍ ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ദൈനംദിന പ്രവര്‍ത്തനച്ചെലവ് കണ്ടെത്തുകയാണ് എയര്‍ ഇന്ത്യയുടെ ലക്ഷ്യം. മൂലധനസമാഹരണത്തിന് സഹകരണം തേടി ഏപ്രില്‍ 27 വരെയാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചതെങ്കിലും പിന്നീട് മെയ് 4 വരെ നീട്ടുകയായിരുന്നു.

2012 ലാണ് വിദേശ വിപണിയില്‍ നിന്ന് മൂലധനം കണ്ടെത്താന്‍ വ്യോമയാന മേഖലയ്ക്ക് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയത്. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക സര്‍ക്കാര്‍ അംഗീകൃതവും നിശ്ചിത പലിശ നിരക്ക് നിശ്ചയിച്ചിട്ടുള്ളതുമാണ്.

ഒരു കമ്പനിക്ക് പരമാവധി കണ്ടെത്താവുന്നത് 30 കോടി ഡോളറാണ്. പ്രവര്‍ത്തനച്ചെലവിന് പുറമേ ബാങ്ക് വായ്പ അടച്ചു തീര്‍ക്കുന്നതിനും ഈ പണം ഉപയോഗപ്പെടുത്താം. നിലവില്‍ 100 കോടി ഡോളര്‍ ഇന്ത്യന്‍ വ്യോമയാന മേഖല വിദേശ വിപണിയില്‍ നിന്ന് സമാഹരിച്ചിട്ടുണ്ട്.

Top