വിദേശപങ്കാളിത്തമുളള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഓണ്‍ലൈനിലും വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: ഉല്‍പ്പാദനമേഖലയെ ശക്തിപ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി വിദേശപങ്കാളിത്തമുളള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഉല്‍പ്പനങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.

തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന വിദേശപങ്കാളിത്തമുളള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താന്‍ അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജയറ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഉല്‍പ്പാദനമേഖലയില്‍ 100 ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നിട്ടില്ല.

രാജ്യത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള മെയ്ക്ക ഇന്‍ ഇന്ത്യ പദ്ധതിയും നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായി അടുത്തവ്യത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു. നേരത്തെ വിദേശപങ്കാളിത്തമുളള ഇന്ത്യന്‍ കമ്പനികള്‍ പൂര്‍ണമായി രാജ്യത്ത് തന്നെ ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. ഉല്‍പ്പന്നങ്ങളുടെ 74 ശതമാനവും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിദേശപങ്കാളിത്തമുളള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഫാബ്ഇന്ത്യ പോലുളള സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഫാബ് ഇന്ത്യയുടെ ഉല്‍പ്പനങ്ങളില്‍ 80 ശതമാനവും തദ്ദേശീയമായിട്ടാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

Top