വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തള്ളി ഡിഐജിയെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി

sreejith

തിരുവനന്തപുരം:സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും വിജിലന്‍സ് ഡയറക്ടറുമായ വിന്‍സണ്‍ എം.പോളിന്റെ റിപ്പോര്‍ട്ട് തള്ളി എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി ശ്രീജിത്തിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ടൈറ്റസിനെ നിയമവിരുദ്ധമായി കുവൈറ്റിലേക്ക് അറസ്റ്റ് ചെയത് കൊണ്ടുപോയി ജയിലിലടച്ച സംഭവത്തിലാണ് ഈ വഴിവിട്ട നടപടി.

അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്ന് എറണാകുളം റേഞ്ച് ഐ.ജി ആയിരുന്ന വിന്‍സണ്‍ എം.പോള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കലൂര്‍കാട് എം.എല്‍.എ ആയിരുന്ന ജോസഫ് എം പുതുശ്ശേരി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. ഇതു സംബന്ധമായി അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതേതുടര്‍ന്ന് ജോസഫ് എം പുതുശ്ശേരി വീണ്ടും കേന്ദ്ര ആഭ്യന്തര വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും ഈ റിപ്പോര്‍ട്ട് പൊടിതട്ടി പുറത്തെടുത്തത്.

താന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഉറച്ച നിലപാടെടുത്തതോടെ ആഭ്യന്തര വകുപ്പിലെ ഉന്നതരും വെട്ടിലായി. ഇതേ തുടര്‍ന്നാണ് നിരവധി വിജലന്‍സ് അന്വേഷണം നേരിടുന്ന എസ്.പി ബാലചന്ദ്രനെക്കൊണ്ട് മറ്റൊരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. ഈ എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീജിത്തിനും ബിജോയിക്കും ക്ലീന്‍ചിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഓഫീസര്‍ എസ്.പിയോട് യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്താതെയാണ് പോയതെന്നത് വിശ്വസിക്കാന്‍ പറ്റില്ലെന്നും സി.ഐക്ക് ലീവ് അനുവദിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നും വിന്‍സണ്‍ പോള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാഹചര്യ തെളിവുകളെല്ലാം തന്നെ ശ്രീജിത്തിനെതിരാണെന്നും സി.ഐ ബിജോയ് കുവൈറ്റില്‍ എവിടെ താമസിച്ചു എന്നതില്‍ മാത്രമെ അവ്യക്തതയുള്ളു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാകാന്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പരിശോധന നടത്തണമെന്നും വിന്‍സണ്‍ പോള്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിനൊപ്പം ശ്രീജിത്ത് ഐ.പി.എസിന്റേയും സി.ഐ ബിജോയിയുടേയും സ്‌റ്റേറ്റ്‌മെന്റിനൊപ്പം സി.ഐയുടെ വീക്കിലി ഡയറി,കുവൈറ്റിലേക്ക് പോയ ടൈറ്റസിന്റേയും സിഐയുടേയും യാത്രാ രേഖകള്‍ എന്നിവയും സമര്‍പ്പിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റെ ഗുരുതരമായ കണ്ടെത്തലുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ ശ്രീജിത്തിനും ബിജോയിക്കുമെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബദല്‍ അന്വേഷണവും ഇപ്പോഴത്തെ നടപടിയും ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സര്‍ക്കാര്‍ നടപടി തള്ളിക്കളയുകയോ ആരെങ്കിലും കോടതിയെ സമീപിക്കുകയോ ചെയ്താല്‍ സര്‍ക്കാരിന് അത് വന്‍ തിരിച്ചടിയും ഊരാക്കുടുക്കുമാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

Top