ഡല്‍ഹി: കശ്മീരി മുന്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ക്ഷണപ്രകാരം ഞായറാഴ്ച്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് എത്തിയതായിരുന്നു ഷബീര്‍ ഷാ. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഷായെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സയിദ് അലി ഷാ ഗിലാനി ഉള്‍പ്പെടെ മൂന്ന് ഹുറിയത് നേതാക്കളെയും പൊലീസ് വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച മുതലാണ് ഇവരെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നാളെ നടത്താനിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍. കശ്മീരിലെ വിഘടനവാദി നേതാക്കളുമായി പാക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
എന്നാല്‍, മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത് പോലെ തന്നെ വിഘടനവാദികളുമായി ചര്‍ച്ച നടത്തുമെന്നും അതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് പാകിസ്താന്‍.


