ആലപ്പുഴ: സമ്മേളന നഗരിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പുറത്തു പോയ ‘അസാധാരണ സാഹചര്യം’ മറി കടക്കാന്‍ സിപിഎം നേതൃത്വം നടപടി തുടങ്ങി.
വി.എസിന് അനുകൂലമായി പ്രകടനങ്ങള്‍ നടക്കാതിരിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് ജാഗ്രത പാലിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബ്രാഞ്ച് തലത്തിലെ സഖാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് പുറത്ത് പോയ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും സ്വാഗത സംഘം ഭാരവാഹിയായ മുന്‍ മന്ത്രി ജി.സുധാകരനും ആലപ്പുഴയിലെ പാര്‍ട്ടി ഘടകങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
അണികളില്‍ ആശയക്കുഴപ്പം പടര്‍ന്നാല്‍ സമ്മേളനത്തോട് അനുബന്ധിച്ച പ്രകടനത്തെയും റെഡ് വളണ്ടിയര്‍ മാര്‍ച്ചിനെയും ബാധിക്കുമെന്ന ആശങ്ക ജില്ലാ നേതൃത്വത്തിനുണ്ട്.
ഇപ്പോള്‍ തന്നെ വി.എസിന്റെ വീടിന് മുന്നില്‍ ഒരു വിഭാഗം മുദ്രാവാക്യം വിളി തുടങ്ങിയതും ആശങ്കയോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.
സമ്മേളന പ്രതിനിധികളായ ജില്ലാ ഭാരവാഹികളെല്ലാവരും സംസ്ഥാനത്തെ പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളെ നിരന്തരം ബന്ധപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി ഓഫീസുകളില്‍ നിര്‍ബന്ധമായും പ്രവര്‍ത്തകര്‍ ഉണ്ടാവണമെന്ന നിര്‍ദ്ദേശവും നേതൃത്വം നല്‍കിയിട്ടുണ്ട്.


