ലണ്ടന്‍: വിംബിള്‍ഡണ്‍ പുല്‍കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സയ്ക്ക് ആദ്യ കിരീടം. വനിതാ ഡബിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്ന് വിംബിള്‍ഡണിലെ തന്റെ കന്നി കിരീടത്തില്‍ സാനിയ മുത്തമിട്ടു.
റഷ്യയുടെ ഏകതറീന മക്‌റോവ-യെലേന വെസ്‌നിന സഖ്യത്തെ തകര്‍ത്താണു ടോപ് സീഡായ ഇന്തോ-സ്വിസ് ജോഡി കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 5-7, 7-6(7-4), 7-5.
രണ്ട് മണിക്കൂര്‍ 25 മിനിറ്റു നീണ്ട മത്സരത്തിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോ-സ്വിസ് സഖ്യം റഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു.
സാനിയ സ്വന്തമാക്കുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. മിക്‌സഡ് ഡബിള്‍സില്‍ മൂന്നു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സാനിയ സ്വന്തമാക്കിയിരുന്നു.
1998 നു ശേഷം ആദ്യമായാണ് ഹിംഗിസ് വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തുന്നത്. ഹിംഗിസിന്റെ നാലാം വിംബിള്‍ഡണ്‍ നേട്ടമാണിത്. 1997ല്‍ ഹിംഗിസ് സിംഗിള്‍സ് കിരീടം ഉയര്‍ത്തിയിരുന്നു.
ഫ്രഞ്ച് ഓപ്പണിലും, ഓസ്‌ട്രേലിയന്‍ ഓപ്പണിലും യു എസ് ഓപ്പണിലും മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുള്ള സാനിയ ഇതാദ്യമായാണ് വിംബിള്‍ഡണില്‍ ഒരു കിരീടം സ്വന്തമാക്കുന്നത്.


