വിംബിള്‍ഡണ്‍ ടെന്നിസ്: അട്ടിമറി ജയത്തോടെ ബൊപ്പണ്ണ സഖ്യം സെമിയില്‍

ലണ്ടന്‍: അട്ടിമറി ജയത്തോടെ വിംബിള്‍ഡണ്‍ ടെന്നിസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും റുമാനിയയുടെ ഫ്‌ലോറിന്‍ മെര്‍ജിയയും സെമിഫൈനലില്‍ പ്രവേശിച്ചു.

പുരുഷ ഡിബിള്‍സ് ക്വാര്‍ട്ടറില്‍ ടോപ് സീഡുകളും ലോകത്തിലെ ഏറ്റവും മികച്ച ഡിബിള്‍സ് ജോഡിയുമായ ബ്രയാന്‍ സഹോദരങ്ങളെയാണ് ടൂര്‍ണമെന്റ് ഒന്‍പതാം സീഡായ ബൊപ്പണ്ണ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍: 5-7, 6-4, 7-6 (9), 7-6 (5). മൊത്തം പതിനാറ് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയിട്ടുള്ള ബോബ് ബ്രയാനും മൈക്ക് ബ്രയാനും മൂന്ന് തവണ വിംബിള്‍ണിലും കിരീടം ചൂടിയിട്ടുണ്ട്.

ടൂര്‍ണമെന്റ് നാലാം സീഡായ ഴാന്‍ ജൂലിയന്‍ റോര്‍ജര്‍-ഹൊറിയ തെകൗ സഖ്യത്തെയാണ് ബൊപ്പണ്ണയും മെര്‍ജിയയും നേരിടുക.

ഇന്ത്യയുടെ തന്നെ ലിയാണ്ടര്‍ പെയ്‌സും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. അര്‍തം സിതാക്-അനസ്താസിയ റൊഡിനോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 6-2, 6-2.

മറ്റൊരു മിക്‌സഡ് ഡബിള്‍സ് ജോഡിയായ ഇന്ത്യയുടെ സാനിയി മിര്‍സയും ബ്രസീലിയന്‍ താരം ബ്രൂണോ സോറസും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. എം. ഡ്രാഗഞ്ച-എ. കൊനുജ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍:6-3, 6-7 (5), 6-3.

Top