വാര്‍ണര്‍ ഷോയില്‍ സണ്‍റൈസേഴ്‌സിന് 22 റണ്‍സ് ജയം

ഹൈദരാബാദ്: വാര്‍ണര്‍ ഷോയില്‍ സണ്‍റൈസേഴ്‌സിന് ചെന്നൈയ്‌ക്കെതിരെ 22 റണ്‍സിന്റെ വിജയം. വാര്‍ണറുടെ വെടിക്കെട്ടിന്റെ ബലത്തില്‍ 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കുറിച്ച സണ്‍റൈസേഴ്‌സിനെ മറികടക്കാന്‍ ചെന്നൈയുടെ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 192 റണ്‍സെടുത്ത സണ്‍റൈഴേസിനെതിരെ ചെന്നൈയ്ക്ക് ആറു വിക്കറ്റിന് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഡെയിന്‍ സ്മിത്തും (21) മക്കല്ലവുമടക്കം (12) മുന്‍നിര തകര്‍ന്നപ്പോള്‍ ഡു പ്ലസിസ് (33) മാത്രമാണ് ചെന്നൈക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. വാലറ്റത്ത് ക്യാപ്റ്റന്‍ ധോണിയും (20) ബ്രാവോയും (25) രവീന്ദ്ര ജഡേജയും (14) പരാജയപ്പെട്ടപ്പോള്‍ പരാജയം കനത്തതായി. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മോയിസെസ് ഹെന്റിക്‌സിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും ബൗളിംഗ് മികവും ചെന്നൈയുടെ പരാജയത്തിന്റെ ആഴം വര്‍ധിപ്പിച്ചു. നേരത്തെ 27 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍ നല്‍കിയത്.

Top