പഞ്ചായത്ത്‌ വിഭജനത്തിലെ വീഴ്ച: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ലീഗ്

തിരുവനന്തപുരം: പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിച്ചത് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കണമെന്ന് മുസ്ലീം ലീഗ്.

ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനര്‍വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുപ്പ് നടത്താന്‍. മുന്‍പും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈകി നടന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ചേര്‍ന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനങ്ങള്‍.

പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എം.കെ മുനീര്‍, നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 12.30 മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ ലീഗ് അവരുടെ നിലപാട് അറിയിക്കും.

അപ്പീലിന് എല്ലാ സാധ്യതയുമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ട്. സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡ് വിഭജനവും പഞ്ചായത്ത് രൂപവത്കരണവും നടത്തിയത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ലീഗിന്റെ നിലപാട്.

Top