വര്‍ഗ്ഗീസ് പേടിയില്‍ വിറച്ച് കേരള പൊലീസ്; വേട്ടയാടുന്നത് ജയിലിലായ ഐജിയുടെ മുഖം

കല്‍പ്പറ്റ: മാവോയിസ്റ്റ് വേട്ടക്കിറങ്ങിയ പൊലീസിനെ ഭയപ്പെടുത്തുന്നത് നക്‌സലൈറ്റ് വര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍. നാലര പതിറ്റാണ്ട് മുന്‍പ് വര്‍ഗ്ഗീസിനെ വെടിവെച്ച് കൊന്നതിന് ജയില്‍ ശിക്ഷ അനുഭവിച്ച ഐ.ജി ലക്ഷ്മണയുടെ ഗതി തങ്ങള്‍ക്കും വരുമോയെന്ന ഭീതിയാണ് സേനയെ ഇപ്പോള്‍ നയിക്കുന്നത്. കേസന്വേഷണ മികവിലും ക്രമസമാധാന പാലനത്തിലും രാജ്യത്തെ ഏറ്റവും മികച്ച സേനയെന്ന് അംഗീകരിക്കപ്പെട്ട കേരള പൊലീസിന് സംസ്ഥാനത്തെ പ്രത്യേക സാഹചര്യമാണ് വെല്ലുവിളിയുയര്‍ത്തുന്നത്.

31 -ാം വയസില്‍ നക്‌സലൈറ്റ് നേതാവായ വര്‍ഗ്ഗീസിനെ തിരുനെല്ലി കാട്ടില്‍ വച്ച് പൊലീസ് വെടിവെച്ച് കൊന്നതാണെന്ന യാഥാര്‍ത്ഥ്യം സംഭവം നടന്ന് നാല് പതിറ്റാണ്ടിന് ശേഷമാണ് വെളിപ്പെട്ടത്. അതും പൊലീസ് ‘ആക്ഷനില്‍’ പങ്കെടുത്ത കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍.

രാജകീയമായ പൊലീസ് ജീവിതത്തില്‍ നിന്ന് വിരമിച്ച് സുഖജീവിതം നയിച്ച് പോന്നിരുന്ന മുന്‍ ഐ.ജി ലക്ഷ്മണയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാക്കിയത് ഈ വെളിപ്പെടുത്തലാണ്. ഞെട്ടിപ്പിക്കുന്ന ആ ഓര്‍മ്മകളാണ് മാവോയിസ്റ്റ് വേട്ടക്കിറങ്ങിയ പൊലീസുകാരെ ഇപ്പോള്‍ പ്രതിരോധത്തിലാക്കുന്നത്. അത്യാധുനിക രീതിയിലുള്ള ആയുധങ്ങളുമായി കാട്ടില്‍ തമ്പടിച്ചിട്ടുള്ള മാവോയിസ്റ്റുകള്‍ സ്വയം ജീവിതം സമര്‍പ്പിക്കാനുള്ള മനസുമായി വന്ന സാഹചര്യത്തില്‍ ഏറ്റുമുട്ടലിലൂടെയല്ലാതെ അവരെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യവും മാവോയിസ്റ്റ് വിരുദ്ധസേന തിരിച്ചറിയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് പിന്നീട് ആക്ഷനില്‍ പങ്കെടുക്കുന്ന പൊലീസുകാര്‍ക്കും ഐ.ജി ലക്ഷ്മണയുടെ ഗതിയാണ് വരുത്തുകയെന്ന ആശങ്കയും സേനാംഗങ്ങള്‍ക്കിടയിലുണ്ട്. മാവോയിസ്റ്റ് എന്‍കൗണ്ടര്‍ നിയമമാക്കിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടുവരാത്തതാണ് പൊലീസിന് വെല്ലുവിളിയാകുന്നത്.

തിരുവനന്തപുരം കളക്ടറായിരുന്ന എന്‍.സതീശന്റെ സഹോദരി പുത്തൂര്‍ ഷീലയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചപ്പോള്‍ ഒരു കൊലയാളിയാണ് മരിച്ചതെന്ന വസ്തുത പോലും കണക്കിലെടുക്കാതെ സമ്പത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ വേട്ടയാടിയ മാധ്യമ ധര്‍മ്മം മാവോയിസ്റ്റുകളുടെ കാര്യത്തിലും അവസരം വരുമ്പോള്‍ പ്രകടമാകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.

സിപിഎമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളായ ഡിവൈഎഫ് ഐയും എസ്എഫ്‌ഐയും മുന്‍കാലങ്ങളില്‍ സംഘര്‍ഷ സമരങ്ങളില്‍ കാണിക്കുന്ന തീവ്രതപോലും ഇപ്പോള്‍ സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പ്രകടമായിട്ടില്ലെന്നിരിക്കെ മാവോയിസ്റ്റുകളെ ആയുധമുപയോഗിച്ച് വേട്ടയാടിയാല്‍ പൊലീസിനെയാണ് മാധ്യമങ്ങളും സമൂഹവും ‘കുരിശിലേറ്റുക’ എന്ന തിരിച്ചറിവും മാവോയിസ്റ്റ് വേട്ടക്കിറങ്ങിയ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

നക്‌സലൈറ്റ് വര്‍ഗ്ഗീസ് കൊല്ലപ്പെടുന്ന കാലഘട്ടത്തിലുണ്ടായിരുന്ന വാര്‍ത്താ – ആശയവിനിമയങ്ങളും മനുഷ്യാവകാശ നിയമങ്ങളുമല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളത് എന്നതും പൊലീസിന്റെ ഉറക്കം കെടുത്തുന്നതാണ്. നവ മാധ്യമങ്ങളുടേയും ചാനലുകളുടേയും അഭിനവ കാലത്ത് മാവോയിസ്റ്റ് വേട്ടപോലും ലൈവ് ആയി ചിത്രീകരിക്കാന്‍ ചങ്കൂറ്റമുള്ള മാധ്യമ പ്രവര്‍ത്തകര്‍ പൊലീസിനെ സംബന്ധിച്ച് വലിയ ‘ഭീഷണി’യുമാണ്.

ഉള്‍നാടന്‍ കാടുകളില്‍ സാഹസികമായി യാത്ര ചെയ്ത് മാവോയിസ്റ്റ് നേതാക്കളുടെ ഇന്റര്‍വ്യൂ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ നടപടി പൊലീസിന്റെ ചങ്കിടിപ്പാണ് കൂട്ടുന്നത്. ഏഷ്യാനെറ്റ് – മാനോരമ ചാനലുകള്‍ പുറത്തുവിട്ട ഈ അഭിമുഖത്തില്‍ കേരളം തങ്ങളുടെ ടാര്‍ജെറ്റാണെന്ന് മാവോയിസ്റ്റ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അടിക്കടിയുണ്ടാകുന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തിട്ടും ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് കഴിയാതിരിക്കുന്നത് സേനക്കുള്ളിലെ ഈ നിസംഗതയാണ്. മാത്രമല്ല പരിശീലനം ലഭിച്ച ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള മാവോയിസ്റ്റുകളുടെ തിരിച്ചടി ഏത് രൂപത്തിലായിരിക്കുമെന്ന കാര്യത്തിലും മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ടിന് ആശങ്കയുണ്ട്.

മാവോയിസ്റ്റുകളുമായി നിരന്തരം ഏറ്റുമുട്ടി രക്തച്ചൊരിച്ചിലുകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ഉത്തരേന്ത്യയിലെ സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സേനയുടെ മനോവീര്യം കേരള പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ടിനുണ്ടോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംശയമുണ്ട്. മാവോയിസ്റ്റുകളുമായി വയനാട് കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെയ്പ് നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നുവെങ്കിലും വെടിവെയ്പില്‍ ഏതെങ്കിലും ഒരു മാവോയിസ്റ്റിന് പരിക്കേറ്റതായി കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഏറ്റുമുട്ടല്‍ നടന്ന വെള്ളമുണ്ടയിലെ സമീപ ഗ്രാമത്തില്‍ രാത്രി താമസിച്ചാണ് മാവോയിസ്റ്റുകള്‍ വെടിവെപ്പിന് ശേഷം സ്ഥലംവിട്ടതെന്ന വാര്‍ത്ത പുറത്ത് വന്നതും പൊലീസിന് നാണക്കേടായിരുന്നു.

Top