വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കേ ഡല്‍ഹിയില്‍ ഹിന്ദുക്കളുടെ മുഹറം റാലി

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ ഹിന്ദുക്കള്‍ മുഹറം റാലി നടത്താനൊരുങ്ങുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ത്രിലോക്പുരി മേഖലയിലാണ് 30 ഹിന്ദുക്കള്‍ മതസൗഹാര്‍ദ്ദം കണക്കിലെടുത്ത് മുഹറം റാലി നടത്താനൊരുങ്ങുന്നത്. എല്ലാ വര്‍ഷവും ഇസ്ലാം മതക്കാര്‍ നടത്തി വരുന്നതാണ് മുഹറം റാലി. റാലി സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹിയുടെ കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ പൊലീസ് സന്നാഹത്തെ നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച്ച ബാവ്‌നയില്‍ നടന്ന മഹാപഞ്ചായത്തില്‍ മുഹറം റാലിയുടെ റൂട്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. വലിയ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നതിനാല്‍ റാലിയുടെ വഴി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ത്രിലോക്പുരിയില്‍ ഹിന്ദുക്കള്‍ അഞ്ച് മുഹറം റാലികളിലായി അണിനിരക്കും. ഇന്ന് ഉച്ച കഴിഞ്ഞാണ് റാലി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 23ന് ദീപാവലി ആഘോഷങ്ങള്‍ക്കിടെ വര്‍ഗീയ കലാപം ഉണ്ടായ മേഖലയാണിത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

മുഹമ്മദ് നബിയുടെ ചെറുമകനായ ഇമാം ഹുസൈന്‍ ഇബ്‌ന് അലിയുടെ മരണത്തിലുള്ള ദുഃഖ സൂചകമായാണ് മുസ്ലിങ്ങള്‍ എല്ലാ വര്‍ഷവും മുഹറം റാലി നടത്തി വരുന്നത്.

Top