ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഇനി വെറ്ററന്‍സ് ലീഗുകളുടെ കാലം. സച്ചിനും ഷെയ്ന്‍ വോണും ചേര്‍ന്ന് ആരംഭിക്കുന്ന ലെജന്റ്‌സ് ട്വന്റി20 ലീഗിന് പുറമേ മുന്‍ പാക് താരം വസീം അക്രം, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറ, ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ ചേര്‍ന്ന് മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗും തുടങ്ങുന്നു. രണ്ട് ലീഗുകളുടെയും അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ചേര്‍ന്ന് ആരംഭിക്കുന്ന ലെജന്റ്‌സ് ടി20യില്‍ വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലീഗ് നടത്താനാണ് സച്ചിനും സംഘവും പദ്ധതിയിടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കാ ക്രിക്കറ്റ് അസോസിയേഷനാണ് ലീഗിന്റെ ഗവേണിങ് ബോഡി. എന്നാല്‍, നിയമങ്ങള്‍ ഐ.സി.സി.യുടേതായിരിക്കും.
വിരമിച്ച പ്രശസ്ത താരങ്ങളെ രണ്ട് ടീമുകളാക്കി മൂന്ന് മത്സരങ്ങള്‍ നടത്താനാണ് പദ്ധതി. ജാക് കാലിസ്, ബ്രെറ്റ് ലീ, ആന്‍ഡ്രു ഫ്‌ലൂന്റോഫ്, ആദം ഗില്‍ക്രിസ്റ്റ്, ഗ്ലെന്‍ മഗ്രാത്ത്, സൗരവ് ഗാംഗുലി, മഹേല ജയവര്‍ധനെ എന്നീ താരങ്ങളെ കളിക്കുന്നതിനായി സമീപിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ലീഗിന്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞദിവസം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്‌സനുമായി സച്ചിനും വോണും കൂടിക്കാഴ്ച നടത്തിയിരുന്നു. ഐ.സി.സി.യുടെ അംഗീകാരം ലഭിക്കുന്നതിനായിരുന്നു ഇത്.
എന്നാല്‍, ഫ്രാഞ്ചൈസി മോഡല്‍ ലീഗാണ് ലാറയും സംഘവും ലക്ഷ്യമിടുന്നത്. മാസ്റ്റേഴ്‌സ് ലീഗ് എന്ന് പേരിട്ട ടി20 ലീഗ് 2016ല്‍ നടത്താനാണ് പദ്ധതിയിടുന്നത്. യു.എ.ഇ.യിലായിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. 15 കളിക്കാര്‍ ഉള്‍പ്പെടുന്ന ആറ് ടീമുകളായിരിക്കും ലീഗില്‍ കളിക്കുന്നത്. അടുത്തിടെ വിരമിച്ച കളിക്കാരെയാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
10 വര്‍ഷത്തേക്ക് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി ധാരണയുണ്ടാക്കാനാണ് ശ്രമംനടക്കുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


