കൊച്ചി: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നോവലിസ്റ്റ് കെ.ആര്. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്കാരം. തിരുവനന്തപുരത്ത് വയലാര്‍ സ്മാരക ട്രസ്റ്റ് അധ്യക്ഷന്‍ എം.കെ. സാനുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2013-ല്‍ ആരാച്ചാര്‍ ഓടക്കുഴല്‍ പുരസ്കാരം നേടിയിട്ടുണ്ട്.കോല്‍ക്കത്തയുടെ പശ്ചാത്തലത്തിലാണ് ആരാച്ചാര്‍ രചിച്ചിരിക്കുന്നത്. കൊല്ലം ശാസ്താംകോട്ടയില്‍ ജനിച്ച കെ.ആര് മീര ദീര്‍ഘകാലം മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവന്‍സമയ എഴുത്തുകാരിയുമാണ്. 2009ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരം 2013ലെ ഓടക്കുഴല്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, മീരാസാധു, നേത്രോന്മീലനം എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. തിരക്കഥാകൃത്ത് എന്ന നിലയിലും പ്രസിദ്ധയായ മീര ഒരേ കടല്‍ എന്ന ചലച്ചിത്രത്തിന്റെ സഹ തിരക്കഥാകൃത്താണ്. അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ചൊവ്വര പരമേശ്വരന് അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.
വയലാര്‍ അവാര്‍ഡ് കെ.ആര് മീരക്ക്
