വധ്രയുടെ ഇടപാടുകള്‍’ അന്വേഷിക്കും: ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഡ് : റോബര്‍ട്ട് വധ്രയുടെ ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ അഴിമതിയാരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നു ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. മന്ത്രിമാരായ അനില്‍ വിജും ക്യാപ്റ്റന്‍ അഭിമന്യുവുമാണു മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയടക്കം ആര് അഴിമതി നടത്തിയാലും നടപടി നേരിടുമെന്നു പ്രഖ്യാപിച്ചത്.

പത്തു വര്‍ഷത്തെ ഹൂഡ ഭരണത്തില്‍ നടത്തിയ മുഴുവന്‍ ഭൂമിയിടപാടുകളും അന്വേഷിക്കും. ഏതാണ് 70,000 ഏക്കര്‍ ഭൂമി വിവിധ കാരണങ്ങള്‍ പറഞ്ഞു കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കുകയും വന്‍കിടക്കാര്‍ക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് അനില്‍ വിജ്.

ഒരിഞ്ചു ഭൂമിയെങ്കിലും നിയമവിരുദ്ധമായി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കു മതിയായ ശിക്ഷ ഉറപ്പുവരുത്തുമെന്നു ക്യാപ്റ്റന്‍ അഭിമന്യു വ്യക്തമാക്കി. ഇന്നലെ അധികാരമേറ്റയുടനാണ് മന്ത്രിമാരുടെ പ്രഖ്യാപനം. ബിജെപിയുടെ ധാര്‍ഷ്ട്യമാണ് പ്രസ്താവനകളില്‍ വ്യക്തമാകുന്നതെന്നു കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പ്രതികരിച്ചു.തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന ആയുധമായിരുന്നു വധ്രയുടെ ഭൂമിയിടപാടുകള്‍.

Top