വധശ്രമക്കേസില്‍ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു

വിഴിഞ്ഞം: വധശ്രമക്കേസില്‍ പിടികൂടിയ കുപ്രസിദ്ധ ഗുണ്ട പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറുകളും ജനല്‍ ചില്ലുകളും മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും അടിച്ച് തകര്‍ത്തു. ഗുണ്ടയുടെ ആക്രമണത്തില്‍ മര്‍ദനമേറ്റ് നിലത്ത് വീണ സിപിഒ യാക്കൂബിനെ പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഏറെ നേരം പോലീസ് സ്റ്റേഷനെ വിറപ്പിച്ച ഗുണ്ടയെ മല്‍പ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കി. കുപ്രസിദ്ധ ഗുണ്ടയും നഗരത്തിലെയും മറ്റ് ജില്ലകളിലെയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ 16-ല്‍പരം കേസുകളുള്ള കാഞ്ഞിരംകുളം ചാവടിനട മണല്‍തട്ട് കാനാല്‍ കോട്ടേജില്‍ ഷിബു എസ് നായര്‍(36) ആണ് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനെ വിറപ്പിച്ചത്.

ചാവടിനടയില്‍ കട നടത്തുന്ന എഴുപതുകാരനായ പ്രഭാകരന്‍ നായരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ബുധനാഴ്ച രാത്രി കാഞ്ഞിരംകുളം എസ്‌ഐ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷിബുവിനെ പിടികൂടിയത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രതിയെ രണ്ട് പോലീസുകാരെ ഏല്‍പ്പിച്ച ശേഷം എസ്‌ഐ. പട്രോളിംഗിന് പുറത്ത് പോയി. ഈ സമയത്താണ് പ്രതി പരാക്രമം നടത്തിയത്. ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Top