തൃശൂര്‍: സല്യൂട്ട് വിവാദം കെട്ടടങ്ങുന്നതിന് മുമ്പേ എ.ഡി.ജി.പി ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍. സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒന്നാം പ്രതിയായ ബി.ജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വിരുന്നിനെത്തിയതാണ് വിവാദമായിരിക്കുന്നത്.
സിപിഐ എം കണ്ടാണശേരി ലോക്കല്‍ സെക്രട്ടറി കെ ജി പ്രമോദ്, ലോക്കല്‍ കമ്മിറ്റിയംഗം വി കെ ദാസന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ബിജെപി മണലൂര്‍ മണ്ഡലം സെക്രട്ടറി വി വി വിജീഷിന്റെ വീട്ടിലായിരുന്നു വിരുന്ന്.
മുന്‍ സൈനികരടങ്ങിയ ദേശസ്‌നേഹി കൂട്ടായ്മ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു സന്ദര്‍ശനം. ഋഷിരാജ് സിങിനൊപ്പം മേജര്‍ രവിയും വിജീഷിന്റെ വീട്ടിലെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഋഷിരാജ് സിങ്ങിന്റെ സന്ദര്‍ശനമെന്ന് സി.പി. എം തൃശൂര്‍ ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ ആരോപിച്ചു.
സംഭവം വിവാദമായതോടെ ഋഷിരാജ് സിംഗ് വിശദീകരണവുമായി രംഗത്തെത്തി. കാര്‍ഗില്‍ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിരുന്നില്‍ പങ്കെടുക്കാനാണ് താന്‍ അവിടെ എത്തിയതെന്നും വീട്ടുടമസ്ഥന്‍ പ്രതിയാണന്ന് അറിയില്ലായിരുന്നെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.


