ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്തെ മഴയില്‍ നഗരഗതാഗതം താറുമാറായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പല റോഡുകളിലും വെള്ളംകയറി ഗതാഗതം സ്തംഭിച്ചു.
പഞ്ചാബിലും ഹരിയാനയിലും ഛണ്ഡിഗഡിലും മഴ ദുരിതം വിതയ്ക്കുകയാണ്. ഛണ്ഡിഗഡില്‍ ബാപു ധാം കോളനി, അത്വ തുടങ്ങി നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.
കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. ഇവിടെ മണ്ണിടിച്ചിലില്‍ നാലു പേര്‍ മരിച്ചു. മാഡ്‌കോട്ടിലും പൗരിയിലും ധര്‍ചുലയിലും കാപ്പ്‌കോട്ടിലുമാണു മണ്ണിടിച്ചില്‍ ഉണ്ടായത്.
ഗംഗാനദി ഹരിദ്വാറില്‍ അപകടകരമാം വിധം കവിഞ്ഞൊഴുകുകയാണ്. ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റാംഗംഗ, നന്ദൂര്‍, കൈലാഷ്, കാളി, ഷര്‍ദ, കോസി, ഗൗല എന്നീ നദികളിലും ജലനിരപ്പ് ഉയരുന്നു.
ഉത്തര്‍കാശി ഗംഗോത്രി മാര്‍ഗിനു സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നു തീര്‍ഥാടകരുടെ യാത്ര തടസപ്പെട്ടു.


