ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : പ്രായം കുറഞ്ഞ മാരത്തണ്‍ ചാമ്പ്യനായി ഗിര്‍മയ് ഗെബ്രിസ്ലാസ്സി

ബെയ്ജിങ്: ബെയ്ജിങിലെ ബേഡ്‌സ് നെസ്റ്റ് സ്‌റ്റേഡിയത്തില്‍ ഇന്നാരംഭിച്ച ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇനത്തില്‍ തന്നെ എറിത്രിയന്‍ കൗമാരതാരം ഗിര്‍മയ് ഗെബ്രിസ്ലാസ്സി ചരിത്രം കുറിച്ചു. ആദ്യ ഇനത്തില്‍ തന്നെ സ്വര്‍ണം നേടിയ താരം മാരത്തണ്‍ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റ് എന്ന റെക്കോഡും തന്റെ പേരില്‍ കുറിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് പത്തൊമ്പതുകാരനായ ഗിര്‍മയ് ബെയ്ജിങ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.

തന്റെ മൂന്നാമത്തെ മാത്രം മാരത്തണില്‍ പങ്കെടുക്കുന്ന ഗിര്‍മയ് 2 മണിക്കൂര്‍ 12 മിനിറ്റ് 28 സെക്കന്റിലാണ് 36 കിലോമീറ്റര്‍ മാര്‍ക്ക് കടന്നത്. എത്യോപ്യയുടെ യെമനെ സെഗായ് (2:13:08) ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഉഗാണ്ടയുടെ മുന്യോ സോളമന്‍ മുത്തായ് (2:13:30) മൂന്നാം സ്ഥാനം സ്വന്തമാക്കി.

ലോകചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ തന്നെ ആദ്യ സ്വര്‍ണമാണ് കൗമാരതാരം നേടിയത്. 2009ലെ ബെര്‍ലിന്‍ ചാമ്പ്യന്‍ഷിപ്പില്‍ റ്റഡ്‌സെ സെര്‍സെനായ് 10,000 കിലോമീറ്ററില്‍ നേടിയ വെള്ളിയാണ് എറിത്രിയയ്ക്ക് മുമ്പ് ലഭിച്ചിട്ടുള്ള ഏക മെഡല്‍.

Top