ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 25 എം.പിമാര്‍ക്ക് 5 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍.
കേരളത്തില്‍ നിന്നുള്ള എം.പിമാരായ എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍
തുടങ്ങി 25 എം.പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സഭയുടെ നടപടികളുമായി സഹകരിക്കാത്തതിനാലാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ബഹളം തുടര്‍ന്നാല്‍ എം.പിമാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് സ്പീക്കര്‍ നേരത്തേ അറിയിച്ചിരുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്പീക്കര്‍ നടപടിയെടുത്തത്.
അതേസമയം സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും സഭയ്ക്കു പുറത്ത് പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ആരോപണ വിധേയരായവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ സഭയില്‍ പ്രക്ഷോഭം തുടരുന്നത്.


