ലൈറ്റ് മെട്രോ: സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന നിലപാടില്‍ ഉറച്ച് ഇ. ശ്രീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്തു തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടപ്പാക്കാനുദേശിക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന നിലപാടില്‍ ഉറച്ച് ഇ. ശ്രീധരന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന കാര്യം ശ്രീധരന്‍ വീണ്ടും ആവര്‍ത്തിച്ചു.

സ്വകാര്യ പങ്കാളിത്തം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ താന്‍ പദ്ധതിയില്‍നിന്നും പിന്മാറുമെന്നു ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പദ്ധതി സംബന്ധിച്ച് അവസാനതീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി വേണമെന്നതിനോട് ഇ. ശ്രീധരന്‍ യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം.

ധനകാര്യവകുപ്പ് അവരുടേതായ കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. ഏത് മാതൃകയാണ് വേണ്ടത് എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ധനവകുപ്പിന്റെ നിര്‍ദ്ദേശം തള്ളുന്നതില്‍ തെറ്റൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top