ലൈറ്റ് മെട്രോ പദ്ധതി: കേന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചാല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

കണ്ണൂര്‍, ഗുരുവായൂര്‍ നഗരങ്ങളെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, കെഎംആര്‍എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ മാതൃകയില്‍ ഇരു ലൈറ്റ് മെട്രോകളും പൂര്‍ത്തിയാക്കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പദ്ധതി ചെലവിന്റെ 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ബാക്കി 60 ശതമാനം പണം വായ്പയിലൂടെ കണ്ടെത്താനുമാണ് തീരുമാനം.

Top