തിരുവനന്തപുരം: ലൈംഗിക പീഡനം നടന്നതായി സരിത എസ് നായര്‍ സി.ജെ.എം കോടതിയില്‍ മൊഴിനല്‍കിയിട്ടില്ലെന്ന് കോടതി ജീവനക്കാര്‍. സോളാര്‍ കേസില്‍ സരിതയെ ഹാജരാക്കിയ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്ന ബെഞ്ച് ക്ലര്‍ക്കും ശിരസ്തദാറുമാണ് സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്.
ജീവന് ഭീഷണിയുണ്ടെന്ന് സരിത മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, മന്ത്രിമാര്‍ അടക്കം ആരുടെയും പേരുകള്‍ സരിത പറഞ്ഞിട്ടില്ലെന്നും അഭിഭാഷകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ആറു മിനിറ്റ് മാത്രമാണ് സരിത മൊഴി നല്‍കിയത്. തന്റെ കുടുംബത്തിലെ കാര്യങ്ങളാണ് പറഞ്ഞത്. അമ്മയും അമ്മൂമ്മയും രണ്ടു കുട്ടികളും വീട്ടിലുണ്ട്. ഇവര്‍ക്ക് വലിയ സമ്മര്‍ദമാണുള്ളത്. ഇതില്‍ ആശങ്കയും ദുഃഖവുമുണ്ടെന്നും ജഡ്ജിക്കു മുമ്പാകെ സരിത പറഞ്ഞതായും ജീവനക്കാര്‍ വിശദീകരിച്ചു.
അതേസമയം, സരിത എഴുതിയ 30 പേജുള്ള കത്ത് പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് നേതാവ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റി. അപേക്ഷയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ പരിഗണിക്കുന്നത് ഏപ്രില്‍ 25ലേക്ക് മാറ്റിയത്. ഏതെല്ലാം രേഖകളാണെന്ന് പിടിച്ചെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി പുതിയ അപേക്ഷ നല്‍കാന്‍ പരാതിക്കാരനോട് കോടതി നിര്‍ദേശിച്ചു.


