ലാലിസം: മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡിന് തുടക്കം

മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡിന് തുടക്കമായി.മോഹന്‍ലാലും രതീഷ് വേഗയും നേതൃത്വം നല്‍കുന്ന മ്യൂസിക്ക് ബാന്‍ഡിന് ലാലിസം എന്ന് പേരിട്ടു. അടുത്ത വര്‍ഷം ഫിബ്രവരിയോടെയാകും ആദ്യ ഷോ. ഹോളോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ അരങ്ങേറുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയില്‍ ലാലിന്റെ ചിത്രങ്ങളിലെ നാല്പതോളം ഗാനങ്ങളുണ്ടാകും.

സ്‌പെഷല്‍ ഇഫക്ടും നൂതനമായ ശബ്ദവിന്യാസ സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ‘ലാലിസ’ത്തിന്റെ ടാഗ് ലൈന്‍ ‘ദി ലാല്‍ ഇഫക്ട്’ എന്നാണ്. സംവിധായകരായ പ്രിയദര്‍ശന്‍, ടി.കെ. രാജീവ് കുമാര്‍ എന്നിവര്‍ ബാന്‍ഡിന്റെ ദൃശ്യവിഭാഗമൊരുക്കും. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ലാലിസത്തിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കുന്നത്.

ലാലിസത്തിലെ പ്രധാന ഗായകന്‍ മോഹന്‍ലാല്‍ തന്നെ. രതീഷ് വേഗയുടെ സഹായിയായ കിച്ചു, അഭിഷേക്, ബ്രൂസ്, നിഖില്‍ വിനു, അങ്കിത എന്നിവരും ബാന്‍ഡിലുണ്ട്. മോഹന്‍ലാലും ബാന്‍ഡ് അംഗങ്ങളുമായുള്ള ചിത്രം നേരത്തെ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Top