ലാംബോര്‍ഗിനി ഹരിക്കെയ്ന്‍ ഇന്ത്യയിലേക്ക്, വില 3.43 കോടി

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ലാംബോര്‍ഗിനി തങ്ങളുടെ പുതിയ മോഡല്‍ ഹരിക്കെയ്ന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. ഗലാര്‍ഡോയുടെ വിജയമാണു കമ്പനിയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. 3.43 കോടി രൂപയാണു ഹരിക്കെയ്ന്റെ വില. 2014 ജനീവ ഓട്ടോ ഷോയിലാണു ഹരിക്കെയ്ന്‍ ആദ്യമായി അവതരിപ്പിച്ചത്. പോര്‍ഷെ 911, ഫെരാരി 458, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ്, ഓഡി ആര്‍എസ് 10 എന്നിവരാണു ഹരിക്കെയ്ന്റെ പ്രതിയോഗികള്‍. ഹൈബ്രിഡ് അലുമിനിയം ബോഡിയും കാര്‍ബണ്‍ ഫൈബര്‍ ഷാസിയുമാണു ഈ വാഹനത്തിന്റെ പ്രത്യേകത. ഇവയുടെ ഉപയോഗം മൂലം വാഹനത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ കമ്പനിക്കു സാധിച്ചു. അതിനാല്‍ തന്നെ കണ്ണടച്ചു തുറക്കും വേഗത്തിലാണു ഹരിക്കെയ്ന്റെ സഞ്ചാരം. 20 ഇഞ്ച് റേഡിയല്‍ വീലുകളാണു വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. എല്‍ഇഡി ലൈറ്റ് സംവിധാനം രാത്രി സഞ്ചാരം സുഗമമാക്കും. കോക്ക്പിറ്റ് ഡിസൈനാണു ഡാഷ്‌ബോര്‍ഡിനു നല്‍കിയിരിക്കുന്നത്. ഏറ്റവും ഗുണമേന്മയുള്ള ലെതറുകളാണു ഡാഷ്‌ബോര്‍ഡിലും സീറ്റിലും ഉപയോഗിച്ചിരിക്കുന്നത്. സ്ട്രീറ്റ്, സ്‌പോര്‍ട്‌സ്, റേസ് തുടങ്ങിയ മോഡുകളില്‍ വേഗത ക്രമീകരിച്ച് വാഹനം ഓടിക്കാന്‍ സംവിധാനമുണ്ട്.12.3 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ആണു ഡാഷ്‌ബോര്‍ഡില്‍ ഉള്ളത്. വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. കാറിനു നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.2 സെക്കന്റും ഇരുനൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 9.9 സെക്കന്റും മതിയാകും. 325 കിലോമീറ്റര്‍ ആണു കൂടിയ വേഗത.

Top