ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ താന്‍ നേരിടുന്നത് മാധ്യമ വിചാരണയെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സുഷമ ഇക്കാര്യം പറഞ്ഞത്.
സഭയില്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യ മുതലെടുക്കുകയല്ല. പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ തനിക്ക് നീതി കിട്ടില്ലെന്നും സുഷമ പറഞ്ഞു. പ്രതിപക്ഷം ചര്‍ച്ചചെയ്യാന്‍ ഭയക്കുന്നുവെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും സുഷമ വ്യക്തമാക്കി.
ലളിത് മോദിയുടെ കാന്‍സര്‍ രോഗിയായ ഭാര്യയെ സഹായിക്കാനാണ് താന്‍ ശ്രമിച്ചത്. സ്പീക്കറായാലും സോണിയ ആയാലും ഇതേ ചെയ്യുകയുള്ളു. അത് തെറ്റാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണന്നും സുഷമ പറഞ്ഞു.
സഹായം അഭ്യര്‍ത്ഥിച്ച് ബ്രിട്ടീഷ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ നിയമമനുസരിച്ചാണ് മോദിക്ക് യാത്രാനുമതി നല്‍കിയതെന്നും സുഷമ സ്വരാജ് പറഞ്ഞു.


