ലളിത് മോഡി -വ്യാപം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

ന്യൂഡല്‍ഹി: ലളിത് മോഡി-വ്യാപം വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായി സ്തംഭിച്ചു.

വ്യാപം, ലളിത് മോഡി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചോദ്യോത്തരവേള തന്നെ പ്രക്ഷുബ്ധമായി. തുടര്‍ന്ന് 12 വരെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭ നിര്‍ത്തിവച്ചു.

പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. ഭരണപക്ഷ അഴിമതിക്കെതിരെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ ഇന്നും സഭയിലെത്തിത് കറുത്ത് ബാഡ്ജ് ധരിച്ചായിരുന്നു.

രാജ്യസഭയില്‍ സഭ ചേര്‍ന്ന ഉടന്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപെട്ട് പ്രതിപക്ഷം ബഹളം വച്ചു. സുഷമയുടെ രാജിക്കുശേഷം മാത്രം മതി ചര്‍ച്ചയെന്ന് സിപിഐ എം സഭാനേതാവ് സീതാറാം യെച്ചൂരി ആവശ്യപെട്ടു.

ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് ചെയറില്‍ ഉണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സഭ 12 വരെ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അഴിമതികള്‍ ബിജെപി ഉയര്‍ത്തിയാണ് ബുധനാഴ്ച കോണ്‍ഗ്രസിനെതിരെ ബിജെപി പിടിച്ചുനിന്നത്.

ലളിത് മോദി വിവാദത്തില്‍ മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും പ്രതിപക്ഷം അംഗീകരിച്ചിരുന്നില്ല.

Top