ലളിത് മോഡി വിവാദത്തില്‍ വസുന്ധര രാജയ്ക്ക്‌ പിന്‍തുണയുമായി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ലളിത് മോഡി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യെയ്ക്ക് എതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

വിവാദങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാറും പൂര്‍ണ്ണമായും വസുന്ധരയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് താന്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. വസുന്ധരയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധയമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിത് മോദിയെ വഴിവിട്ട് സഹായിച്ചു എന്ന ആരോപണം നേരിടുന്ന വസുന്ധര രാജ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇന്ന് ജയ്പൂരില്‍ എത്തിയ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വസുന്ധര രാജ സിന്ധ്യയെ കണ്ടു. നേരത്തെ അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്ക് വസുന്ധര സമയം ചോദിച്ചെങ്കിലും സമയം നല്കിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇതിനിടെ ലളിത് മോദി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ശക്തമായി രംഗത്തുവന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടില്‍ അരുണ്‍ ജയ്റ്റ്‌ലിക്കും ഉത്തരവാദിത്വമുണ്ടെന്നും ജയ്റ്റ്‌ലിയുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ പുറത്തുവിടണമെന്നും ലളിത് മോഡി ആവശ്യപ്പെട്ടു.

Top