ന്യൂഡല്‍ഹി: ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ ബി.ജെ.പി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷബഹളം. കൈയില്‍ കറുത്ത ബാഡ്ജും പ്ലക്കാര്‍ഡുകളുമായാണു കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.
സഭാ നടപടികള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആരംഭിച്ചപ്പോള്‍ തന്നെ ലളിത് മോദി വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെത്തി.
കൂടാതെ, വ്യാപം ക്രമക്കേടില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ രാജിയും പ്രതിപക്ഷം മുന്നോട്ടുവെച്ചു. എന്നാല്‍, പ്രതിപക്ഷ ആവശ്യം പാര്‍ലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു തള്ളിയോടെ കോണ്‍ഗ്രസ് എം.പിമാര്‍ ബഹളം ശക്തമാക്കി. ഇതേതുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഒരു തവണ നിര്‍ത്തിവെച്ചു.
നാലാം തവണയാണ് ആരോപണവിധേയരായ മന്ത്രിമാരുടെ രാജി സഭയില്‍ ആവശ്യപ്പെടുന്നതെന്ന് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. വിഷയത്തില്‍ ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം സഭയില്‍ ഇല്ലാത്ത സമയത്താണ് സുഷമ സ്വരാജ് പ്രസ്താവന നടത്തിയതെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുഷമ സ്വരാജിന്റെ രാജിയില്ലാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണു കോണ്‍ഗ്രസ്.


