വ്യത്യസ്ത മോഡലുകള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന പുതിയ രണ്ട് എന്‍ജിനും പ്ലാറ്റ്‌ഫോമുകളും റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിക്കുന്നു. പുതിയ എന്‍ജിനുകളുടെ ശേഷി 250 സി സി മുതല്‍ 750 സി സി വരെയാവും; ഈ എന്‍ജിന്‍ ഘടിപ്പിച്ച പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കാമെന്നും കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കമ്പനിയുടെ അടിസ്ഥാന കരുത്തില്‍ അധിഷ്ഠിതമായ മോഡലുകളാവും ചെന്നൈ ആസ്ഥാനമായ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുകയെന്നതിനാല്‍ കൂടുതല്‍ ‘സ്‌പോര്‍ട്ടി’യും അത്യന്തം ‘എക്‌സ്ട്രീമു’മായ ബൈക്കുകളൊന്നും കമ്പനിയില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. അടുത്ത 10 വര്‍ഷത്തെ ആവശ്യം മുന്‍നിര്‍ത്തിയാണു റോയല്‍ എന്‍ഫീല്‍ഡ് പുതിയ എന്‍ജിനും പ്ലാറ്റ്‌ഫോമും വികസിപ്പിക്കുന്നത്.
‘ബുള്ളറ്റ്’, ‘ക്ലാസിക്’, ‘തണ്ടര്‍ബേഡ്’, ‘കോണ്ടിനെന്റല്‍ ജി ടി’ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇക്കൊല്ലം 500 കോടി രൂപയാണു ഗവേഷണ, വികസന മേഖലകളില്‍ മുതല്‍ മുടക്കുക.
പുതിയ മോഡലുകളുടെ വികസനത്തിനും ഉല്‍പ്പാദന ശേഷി ഉയര്‍ത്താനും ചെന്നൈയിലും യു കെയിലും പുതിയ ടെക്‌നോളജി വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുമാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ബൈക്ക് ഉല്‍പ്പാദനശേഷി ഗണ്യമായി വര്‍ധിപ്പിക്കാനും റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചുണ്ട്. നിലവില്‍ മാസം തോറും 30,000 ബൈക്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വര്‍ഷാവസാനത്തോടെ അരലക്ഷമായി ഉയര്‍ത്താനാണു പദ്ധതി.


