റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ കോണ്ടിനെന്റല്‍ ജി ടി ഇനി കറുപ്പ് നിറത്തിലും. സിഗ്നേച്ചര്‍ ജി ടി ബ്ലാക്ക് എന്നു പേരിട്ട ബൈക്ക് ഡല്‍ഹിയിലെ നിരത്തിലെത്തുമ്പോള്‍ 2.13 ലക്ഷം രൂപയാണു വില. നിലവില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലാണു കഫെ റേസര്‍ ശ്രേണിയിലെ കോണ്ടിനെന്റല്‍ ജി ടി വില്‍പ്പനയ്ക്കുള്ളത്. തുടക്കത്തില്‍ ഇന്ത്യയിലാവും പുതിയ നിറത്തിലുള്ള ബൈക്ക് ലഭിക്കുന്നത്.
അലോയ് സ്റ്റീയറിങ് ബ്രേസുകളുടെയും ക്ലിപ് ഓണ്‍ ബാറുകളുടെയും മധ്യത്തിലാണു കോണ്ടിനെന്റല്‍ ജി ടിയിലെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ് സ്ഥിതി ചെയ്യുന്നത്. നിലവാരമുള്ള പാം ഗ്രിപ്, സുഖപ്രദമായ അലോയ് ക്ലച്, ബ്രേക്ക് ലീവറുകളും ബൈക്കിലുണ്ട്. പിരേലി സ്‌പോര്‍ട്ട് ഡെമണ്‍ ടയറുകള്‍ സഹിതമെത്തുന്ന ബൈക്കില്‍ പയോലി നിര്‍മിത ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക് അബ്‌സോബറുകളാണു ഘടിപ്പിച്ചിരിക്കുന്നത്. 18 ഇഞ്ച് സ്‌പോക്ക് വീലുള്ള ബൈക്കിനു മുന്നില്‍ 300 എം എം ഫ്‌ളോട്ടിങ് ബ്രെംബൊ ഡിസ്‌ക് ബ്രേക്കാണ്; പിന്നില്‍ 240 എം എം ഡിസ്‌ക് ബ്രേക്കും. ലീറ്ററിന് 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണു ബൈക്കിനു പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത.
ഇലക്‌ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്റെ പിന്‍ബലമുള്ള 535 സി സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണു കോണ്ടിനെന്റല്‍ ജി ടിക്കു കരുത്തേകുന്നത്. പരമാവധി 29 ബി എച്ച് പി കരുത്തും 44 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ക്ലാസിക്കിലെ 500 സി സി എന്‍ജിനെ റീ ബോര്‍ ചെയ്തു പരിഷ്‌കരിച്ചാണു റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി ടിയില്‍ ഘടിപ്പിച്ചിരിക്കുന്നത്.
വിദേശ വിപണികളില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചു മുന്നേറുന്ന കോണ്ടിനെന്റല്‍ ജി ടിയിലൂടെ 250 – 750 സി സി എന്‍ജിന്‍ ശേഷിയുള്ള ഇടത്തരം ബൈക്കുകളുടെ വിഭാഗത്തില്‍ ആഗോളതലത്തില്‍തന്നെ നേതൃസ്ഥാനം സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണു റോയല്‍ എന്‍ഫീല്‍ഡ്.
അറുപതുകളില്‍ ബുള്ളറ്റിന്റെ ജന്മനാടായ ബ്രിട്ടനിലെ നിരത്തുകള്‍ വാണ സ്‌പോര്‍ട്ടി ബൈക്കുകളുടെ പുനഃരാവിഷ്‌കാരമാണു കഫേ റേസറിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിട്ടിരിക്കുന്നത്. വിശദാംശങ്ങളില്‍ തെല്ലുപോലും വിട്ടുവീഴ്ച ചെയ്യാതെയാണു റോയല്‍ എന്‍ഫീല്‍ഡ് പഴയ കാലത്തേക്കുള്ള ഈ മടക്കം യാഥാര്‍ഥ്യമാക്കുന്നത്. അറുപതുകളിലെ റോക്കര്‍ സംസ്‌കാരത്തിലേക്കുള്ള മടക്കം കൂടിയാണ് സിഗ്നേച്ചര്‍ ജി ടി ബ്ലാക്ക് നിറത്തിന്റെ അവതരണത്തിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.


