ബെംഗളൂരു: ഒന്നിനും ഒരു കുറവുമില്ല വിജയ് മല്ല്യയുടെ ടീമിന് എന്നാല്‍ എപ്പോഴും എന്തിന്റെയോ ഒരു കുറവ് ടീമില്‍ പ്രകടമാകുകയും ചെയ്യും. ട്വന്റി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാരുള്ളത് റോയല്‍ ചലഞ്ചേഴ്‌സിലാണ്. എന്നിട്ടും അവര്‍ കഴിഞ്ഞ പ്രാവശ്യം ഫിനിഷ് ചെയ്തത് ഏഴാമതാണ്. ഭൂരിഭാഗം മത്സരങ്ങളിലും ഭാഗ്യക്കേടാണ് ടീമിന് വിനയായത്. വിരാട് കോഹ്ലി നയിക്കുന്ന ടീം ഇത്തവണയും എല്ലായ്‌പ്പോഴുമെന്ന പോലെ ശക്തമാണ്.
ഡിവില്ലിയേഴ്‌സ്, ഗെയ്ല്‍, കോഹ്ലി ത്രിമൂര്‍ത്തികള്‍ തന്നെയാണ് ടീമിന്റെ ശക്തി ഇവര്‍ ഫോമിലേക്കെത്തിയാല്‍ മാത്രമേ ടീം ജയിക്കൂ എന്നത് ടീമിന്റെ പോരായ്മയുമാണ്. ഇപ്രാവശ്യത്തെ ഐപിഎല്‍ ലേലത്തില്‍ വളരെ ശ്രദ്ധയോടെയാണ് അവര്‍ പണം ചെലവഴിച്ചത്. ടീമിന് ആവശ്യമായ കളിക്കാരെ നേടുന്നതില്‍ വിജയിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരായ ദിനേഷ് കാര്‍ത്തിക്, മന്‍വീന്ദര്‍ ബിസ്ല, പഞ്ചാബിന്റെ ഓപ്പണര്‍ മന്‍ദീപ്‌സിങ്, തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ സുബ്രഹ്മണ്യന്‍ ബദ്രീനാഥ്, ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെ, വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമി എന്നിവരാണ് ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലെത്തിയിരിക്കുന്നത്. ഇവരെക്കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, നിക് മാഡിന്‍സണ്‍, ഷോണ്‍ ആബട്ട് എന്നീ ഓസ്‌ട്രേലിയന്‍ താരങ്ങളും ടീമിന് കരുത്ത് പകരും.


