റോബര്‍ട്ട് വധ്രയെ ലക്ഷ്യം വച്ചു ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഗാന്ധി കുടുംബത്തിന്റെ ഉറക്കം കെടുമെന്ന് ഉറപ്പായി. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുകന്‍ റോബര്‍ട്ട് വധ്ര ഉള്‍പ്പെട്ട ഡിഎല്‍എഫ് ഭൂമി ഇടപാടിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

വാധ്രയ്ക്കു ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി പ്രഥമദൃഷ്ട വ്യക്തമാണ്. വ്യക്തിപരമായ താത്പര്യങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു. കോടിക്കണക്കിനു രൂപയുടെ ഭൂമിയാണു വാധ്രയ്ക്കു ഹരിയാന സര്‍ക്കാര്‍ അനുവദിച്ചത്. സാധാരണ ഒരു കച്ചവടമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 26 ന് അധികാരത്തിലേറുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി വാധ്രഡിഎല്‍എഫ് ഭൂമി ഇടപാട് ആകുമെന്ന വ്യക്തമായ സൂചനയാണു ഇതിലൂടെ അരുണ്‍ ജയ്റ്റ്‌ലി നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു ബിജെപിയുടെ പ്രകടനപത്രികയിലും ഈ വിഷയം ഉള്‍പ്പെടുത്തിയിരുന്നു. രാജസ്ഥാനില്‍ വാധ്ര നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ച് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണ്. ഇതിനു പിന്നാലെയാണു ഹരിയാനയിലും അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറെടുക്കുന്നത്. 58 കോടി രൂപ വിലമതിക്കുന്ന മൂന്നു ഏക്കര്‍ ഭൂമി ഭുപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വധ്രയ്ക്കു കൈമാറുകയായിരുന്നു. തുടര്‍ന്ന് 2012 ല്‍ ഈ ഭൂമി വാധ് ര ഡിഎല്‍എഫിനു വിറ്റുവെന്നാണു കേസ്.

Top