റോബര്‍ട്ട് വധേരയ്‌ക്കെതിരെ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: റോബര്‍ട്ട് വധേരയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന സര്‍ക്കാര്‍ വധേരയ്ക്ക് ഭൂമി അനുവദിച്ചതിനെതിരെയാണ് മോഡിയുടെ വിമര്‍ശനം. ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോഡി കോണ്‍ഗ്രസിനും വദ്രയ്ക്കുമെതിരെ ആഞ്ഞടിച്ചത്.

കുടുംബ വാഴ്ചയാണ് ഹരിയാനയില്‍ നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ഭൂമി കൈമാറ്റമെന്നും മോദി കുറ്റപ്പെടുത്തി. ആര്‍ക്കും തോന്നുന്നത് പോലെ ഭൂമി അനുവദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ വിവാദ ഭൂമി ഇടപാടിനു പിന്നിലെ സത്യങ്ങള്‍ പുറത്തു വരുമെന്ന് കോണ്‍ഗ്രസിന് അറിയാം. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് ഭൂമി ഇടപാട് ധൃതിപിടിച്ച് നിയമപരമാക്കിയതെന്നും മോഡി അഭിപ്രായപ്പെട്ടു.

റോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മിലുള്ള വിവാദ ഭൂമി ഇടപാട്, കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമപരമാക്കിയിരുന്നു. ഇടപാട് റദ്ദാക്കിയ മുന്‍ ഉദ്യോഗസ്ഥന്‍ അശോക് ഖെംകയുടെ നടപടി തള്ളിക്കൊണ്ടാണിത്. ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഡിഎല്‍എഫിന് ലഭിച്ചു.

Top