റിസര്‍വ് ബാങ്ക് വായ്പാനയം നാളെ; നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാനയം നാളെ. പലിശനിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല എന്നാണ് സൂചന. കാലവര്‍ഷത്തിന്റെ പുരോഗതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറയ്ക്കുന്നത് റിസര്‍വ് ബാങ്ക് ഇക്കുറി പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

അടുത്തവായ്പാനയം പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ വരെ നിലവിലെ പലിശനിരക്കുകള്‍ തുടര്‍ന്നേക്കും. ജൂണ്‍ രണ്ടിനായിരുന്നു ആര്‍.ബി.ഐ അവസാനമായി പലിശകുറച്ചത്. അന്ന് റീപ്പോനിരക്ക് ഏഴരയില്‍ നിന്ന് ഏഴേകാല്‍ ശതമാനമായി കുറച്ചിരുന്നു.

മണ്‍സൂണ്‍, വായ്പാവളര്‍ച്ച, നാണ്യപ്പെരുപ്പനിരക്ക്, സെപ്റ്റംബറിലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിച്ചതിനുശേഷമേ ഇനി പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുള്ളു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വരുന്ന ഒരുവര്‍ഷത്തിനകം റിസര്‍വ് ബാങ്ക് അരശതമാനം കൂടി പലിശ കുറയ്ക്കുമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

Top