ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി കേന്ദ്ര സര്‍ക്കാറിന്റെ പരിഷ്‌കരിച്ച ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ കോഡ്. പലിശ നിരക്കുകള്‍ തീരുമാനിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കുള്ള വീറ്റോ അധികാരം എടുത്തു കളയുന്നതാണ് പുതിയ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ കോഡ്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന പദത്തിനു പകരം റിസര്‍വ് ബാങ്ക് ചെയര്‍പെഴ്‌സണ്‍ എന്നാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
റിസര്‍വ് ബാങ്ക് ചെയര്‍പെഴ്‌സണ്‍ അടക്കം ഏഴ് അംഗങ്ങളുള്ള കമ്മിറ്റിയില്‍ നാലു പേര്‍ കേന്ദ്ര സര്‍ക്കാറില്‍നിന്നുള്ളവരായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച ഫിനാന്‍ഷ്യല്‍ കോഡിന്റെ കരടു രേഖയില്‍ പറയുന്നു.
ഈ സമിതി രണ്ടു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നു റിസര്‍വ് ബാങ്കിന്റെ നയങ്ങള്‍ തീരുമാനിക്കും. ഈ സമിതിയുടെ തലവന്‍ ആര്‍ബിഐ ചെയര്‍പെഴ്‌സണ്‍ ആയിരിക്കുമെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നയരൂപീകരണം.
പണപ്പെരുപ്പം സംബന്ധിച്ച ലക്ഷ്യങ്ങള്‍ ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കുമായി ആലോചിച്ചു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധികാരത്തിനു കൂച്ചുവിലങ്ങിടുന്നതോടെ സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുന്നതു പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാകും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ ഭേദഗതി സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ധനമന്ത്രാലയം പുതിയ ഫിനാന്‍ഷ്യല്‍ കോഡ് പുറപ്പെടുവിച്ചിരിക്കുന്നത്.


