മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാ നയമാണു റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് 7.50 ശതമാനമായും, റിവേഴ്‌സ് റീപ്പോ നിരക്ക് 6.50 ശതമാനമായും തുടരും. കരുതല്‍ അനുപാതത്തിലും മാറ്റമില്ല. 4 ശതമാനമാണ് കരുതല്‍ ധനാനുപാതം. നടപ്പുസാമ്പത്തികവര്‍ഷം വിലക്കയറ്റം 5 ശതമാനം മുതല്‍ 5.5 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എണ്ണവില സമീപഭാവിയില്‍ തന്നെ വീണ്ടും വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് അറിയുന്നത്. വിലക്കയറ്റം നിയന്ത്രണവിധേയമായെങ്കിലും നവംബറിനെ അപേക്ഷിച്ച് ഇതില്‍ മാറ്റമുണ്ടായിട്ടുണ്ട്. നവംബറില്‍ ഉപഭോക്ത്യവില സൂചികയെ അടിസ്ഥാനമാക്കിയുളള വിലക്കയറ്റം റെക്കോര്‍ഡ് താഴ്ചയിലായിരുന്നു. എന്നാല്‍ വിലക്കയറ്റം ഘട്ടം ഘട്ടമായി ഉയര്‍ന്ന് ഫെബ്രുവരിയില്‍ 5.37 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളും വായ്പ അവലോകനയോഗത്തില്‍ പ്രതിഫലിച്ചതായി സാമ്പത്തികവിദഗധര്‍ ചൂണ്ടികാണിക്കുന്നു.


