റഷ്യയില്‍ വിമാനപകടം: ടോട്ടല്‍ എസ് എ എണ്ണക്കമ്പനി സി.ഇ.ഒ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലുണ്ടായ വിമാനപകടത്തില്‍ ടോട്ടല്‍ എസ് എ എണ്ണക്കമ്പനി സി ഇഒ മേധാവി ക്രിസ്റ്റഫെ ഡി മാര്‍ഗെറെ കൊല്ലപ്പെട്ടു. ഫ്രഞ്ച് എണ്ണക്കമ്പനിയായ ടോട്ടല്‍ എസ് എയുടെ മേധാവിയാണ് കൊല്ലപ്പെട്ട ക്രിസ്റ്റഫെ ഡി മാര്‍ഗെറെ. 63 കാരനായ ഡി മാര്‍ഗെറെയുടെ സ്വകാര്യവിമാനം മോസ്‌കോയിലെ വ്‌നൊക്കോവൊ വിമാനത്താവളത്തില്‍ മഞ്ഞുകട്ടകള്‍ നീക്കുന്ന യന്ത്രത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 3 ജീവനക്കാരും മരിച്ചു.

തിങ്കളാഴ്ച റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഫ്രാന്‍സിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രാദേശികസമയം രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. റഷ്യക്ക് യഥാര്‍ത്ഥ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്ന് പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.

Top