നടിയും സംവിധായികയുമായ രേവതി ഒരു മലയാളം ചിത്രം സംവിധാനം ചെയ്യുന്നു. അടുത്ത വര്‍ഷം ചിത്രത്തിന്റെ ജോലി ആരംഭിക്കും. ചിത്രത്തിന്റെ കഥ മലയാളി പശ്ചാത്തലത്തിന് യോജിച്ചതാണെന്ന് രേവതി പറഞ്ഞു. ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രങ്ങളൊരുക്കാനുള്ള ഭാഗ്യം തനിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.
2002ല്‍ പുറത്തിറങ്ങിയ മിതര്‍ മൈ ഫ്രണ്ട് ആണ് രേവതിയുടെ ആദ്യ ചിത്രം. നാസര്‍ അബ്ദുള്ളയും ശോഭനയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച ഇംഗ്ലീഷ് ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അമേരിക്കന്‍ ചിത്രമായ ഫിലാഡെല്‍ഫീസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ‘ഫിര്‍ മിലേംഗേ’ ആയിരുന്നു രേവതിയുടെ രണ്ടാമത്തെ ചിത്രം.
മലയാളത്തില്‍ കേരള കഫേ എന്ന ചിത്രത്തിലെ ‘മകള്‍’ എന്ന ഹ്രസ്വ ചിത്രമാണ് രേവതി പിന്നീട് സംവിധാനം ചെയ്തത്. മുംബയ് കട്ടിംഗ് എന്ന ചിത്രത്തിലും പാഴ്‌സല്‍ എന്നൊരു ചെറിയ ചിത്രം രേവതി ഒരുക്കി. 2011ല്‍ പുറത്തിറങ്ങിയ ‘റെഡ് ബില്‍ഡിംഗ് വെയര്‍ ദി സണ്‍ സെറ്റ്‌സ്’ ആണ് രേവതി അവസാനം സംവിധാനം ചെയ്ത ചിത്രം.


