രാധാവധവും തുണച്ചില്ല; വിധിയെത്തിയപ്പോള്‍ നിലമ്പൂരില്‍ സിപിഎം പിളര്‍ന്നു

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ വിധിയെത്തിയപ്പോള്‍ നിലമ്പൂരില്‍ സിപിഎം രണ്ടു പാര്‍ട്ടിയായി പിളര്‍ന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും മകന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെയും ഉയര്‍ത്തിയ ആരോപണങ്ങള്‍ സ്വയം വിഴുങ്ങി മൗനം പാലിക്കേണ്ട ഗതികേടിലുമായി സിപിഎം.

ആര്യാടന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ബിജു നായര്‍, ബിജുവിന്റെ സുഹൃത്ത് ഷംസുദ്ദീന്‍ എന്നീ രണ്ട് പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും പ്രതികള്‍ക്ക് നിയമസഹായത്തിന് കോണ്‍ഗ്രസ് എത്താതിരുന്നതുമാണ് സിപിഎം പ്രതീക്ഷകളെ തകിടം മറിച്ചത്. ആര്യാടനും മകന്‍ ആര്യാടന്‍ ഷൗക്കത്തിനുമെതിരെയാണ് ആദ്യം സിപിഎം ആരോപണം ഉന്നയിച്ചത്. ഹര്‍ത്താലും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളുമായി സിപിഎം ശക്തമായി രംഗത്തെത്തി.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ നിലമ്പൂരിലെത്തി സിപിഎം പ്രക്ഷോഭത്തിന് ശക്തി പകര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നടന്ന കൊലപാതകം സിപിഎം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ നിലമ്പൂരില്‍ സിപിഎമ്മിന്റെ തിരിച്ചുവരവിനുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഒരുങ്ങിയത്.

ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടപ്പോള്‍ വനിതാ എഡിജിപി ബി. സന്ധ്യയെ കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. രാധയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് ആര്യാടന്‍ ഷൗക്കത്തും നിലപാടെടുത്തു.

സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സിപിഎമ്മും രാധയുടെ ബന്ധുക്കളും സംതൃപ്തി അറിയിക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ ബിജുവും ഷംസുദ്ദീനും മാത്രമാണ് പ്രതികളെന്ന് തെളിയുകയും ചെയ്തു. ബിജുവിനെതിരെ ആര്യാടന്‍ ഷൗക്കത്തും നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാക്കളും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ഇതോടെ രാധാവധക്കേസില്‍ സിപിഎമ്മിന്റെ പിടി അയയുകയായിരുന്നു.

ആര്യാടനെയും മകനെയും കേസില്‍ കുരുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടി മൗനം പൂണ്ടു. രാധയുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പിരിച്ചു നല്‍കി രാധാ വധക്കേസില്‍ നിന്നും സിപിഎം തന്ത്രപൂര്‍വ്വം തടിയൂരുകയായിരുന്നു. രാധാ വധത്തില്‍ പ്രക്ഷോഭത്തിന് ഒന്നിച്ചു നിന്ന നിലമ്പൂരിലെ സിപിഎം പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് രണ്ടു പാര്‍ട്ടികളായി മാറുകയും ചെയ്തു. ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് നിലമ്പൂരില്‍ പൊട്ടിത്തെറിയായത്. ഇപ്പോള്‍ നിലമ്പൂര്‍ നഗരസഭയിലെ 10 അംഗ ഇടതുപക്ഷ കൗണ്‍സിലര്‍മാരില്‍ ആറ് പേരും വിമതരുടെ ജനകീയ സമിതിയിലാണ്.

സിപിഎം ഔദ്യോഗികപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയ ജനകീയ സമിതി പാര്‍ട്ടിവിലക്ക് ലംഘിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ചും നടത്തി പുതിയ പാര്‍ട്ടിയെപ്പോലെയാണ് നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്നത്. രാധാവധത്തിലൂടെ നിലമ്പൂരിലെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ശ്രമിച്ച സിപിഎം ഒടുവില്‍ രണ്ടായി പിളര്‍ന്നതാണ് പാര്‍ട്ടി ജില്ലാ – സംസ്ഥാന നേതൃത്വങ്ങളെ കുഴക്കുന്നത്.

Top