ന്യൂഡല്‍ഹി: സാമൂഹിക- സാമ്പത്തിക -ജാതി സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് സെന്‍സസ് പുറത്തുവിട്ടത്. രാജ്യത്ത് 1931ന് ശേഷം ആദ്യമായാണ് പ്രത്യേക പ്രദേശങ്ങള്‍, ജാതി, സാമ്പത്തിക സംഘങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഇത്തരത്തിലൊരു സെന്‍സസ് നടത്തുന്നത്. ഗ്രാമവികസന മന്ത്രാലയം 2011 മുതല്‍ ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
സാമൂഹ്യ -സാമ്പത്തിക സെന്‍സെസ് പ്രകാരം രാജ്യത്ത് മൊത്തം 24.39 കോടി കുടുംബങ്ങളാണുള്ളത്. ഇതില്‍ 40 ശതമാനം കുടുംബങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് കഴിയുന്നത്. 17.9 കോടി ഗ്രാമീണ കുടുംബങ്ങളാണ് രാജ്യത്തുള്ളത്. മൊത്തം 5.37 കോടി കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ലെന്ന് സെന്‍സെസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
5.39 കോടി കുടുംബങ്ങളാണ് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. 6.68 ലക്ഷം കൂടുംബങ്ങള്‍ ഭിക്ഷാടനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 9.16 കോടി കുടുംബങ്ങള്‍ കൂലിപ്പണിയെ ആശ്രയിച്ചും 28.87 ലക്ഷം കുടുംബങ്ങള്‍ കാര്‍ഷികേതര ജോലികളെ ആശ്രയിച്ചുമാണ് കഴിയുന്നത്.
മൊത്തം 640 ജില്ലകളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്. സെന്‍സെസ് പ്രകാരം 10.69 കോടി കുടുംബങ്ങളാണ് ദാരിദ്യ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കപ്പെടുന്നത്.


