രാജ്യത്ത് റോഡ് ഗതാഗത സുരക്ഷാ ബില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: റോഡ് ഗതാഗത സുരക്ഷാ ബില്‍ ഗവണ്‍മെന്റ് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

1033 എന്ന ടോള്‍ ഫ്രീ നമ്പരും രോഗികള്‍ക്ക് ആംബുലന്‍സ് സേവനവും റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യത്തെ 50 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സയും നല്‍കുക തുടങ്ങിയവയ്ക്കാകും നിര്‍ദ്ദിഷ്ട ബില്ലില്‍ പ്രാധാന്യം നല്‍കുക. ആകാശവാണിയിലെ മന്‍ കി ബാത് പരിപാടിയില്‍ സംസാരിക്കവെയാണ് മോഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയിലെ റോഡുകളിലുണ്ടാകുന്ന അപകടങ്ങളുടെ ഉയര്‍ന്ന സംഖ്യയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ നാല് മിനിറ്റിലും രാജ്യത്ത് അപകടങ്ങളില്‍ ഒരു മരണം ഉണ്ടാകുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ജീവനും വിലയുള്ളതാണെന്ന് വ്യക്തമാക്കി.

കുട്ടികളില്‍ ശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കാന്‍ മാനവശേഷി വകുപ്പ് രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ കുഗ്രാമങ്ങളില്‍ തടസമില്ലാതെ സ്ഥിരവൈദ്യുതി നല്‍കുക എന്ന ഉദ്യേശത്തോടെ ഗവണ്‍മെന്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

കാണ്‍പൂര്‍ സ്വദേശിയായ അഖിലേഷ് വാജ്‌പെയ് എന്ന വ്യക്തി മൈഗോവ് പോര്‍ട്ടലില്‍ നല്‍കിയ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുത്ത് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ഭിന്നശേഷിയുള്ളവര്‍ക്ക് ടിക്കറ്റ് ലഭ്യമാകുന്നൊരു സംവിധാനം ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top