മുംബൈ: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ആഗസ്റ്റ് 28നു സമാപിച്ച വാരത്തില്‍ 343.3 കോടി ഡോളറിന്റെ കനത്ത നഷ്ടം നേരിട്ടു. ഡോളറിന്റെ കുതിപ്പിനെ തുടര്‍ന്ന്, രണ്ടാഴ്ചക്കാലം മികച്ച വര്‍ദ്ധന രേഖപ്പെടുത്തിയ ശേഷമാണ് കഴിഞ്ഞവാരം നഷ്ടമുണ്ടായത്. 35,192 കോടി ഡോളറിലേക്കാണ് വിദേശ നാണയ ശേഖരം താഴ്ന്നത്.
ജൂണ്‍ 19ന് രാജ്യത്തിന്റെ കരുതല്‍ വിദേശ നാണയ ശേഖരം സര്‍വകാല ഉയരമായ 35,546 കോടി ഡോളറിലെത്തിയിരുന്നു.
വിദേശ നാണയ ആസ്തി കഴിഞ്ഞവാരം 342.4 കോടി ഡോളര്‍ ഇടിഞ്ഞ് 32,830.6 കോടി ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയിലെ ഇന്ത്യയുടെ കരുതല്‍ ധന ശേഖരം 23കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. ഇതിപ്പോള്‍ 129.50 കോടി ഡോളറാണ്.
അതേസമയം, നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയ്ക്ക് തിരിച്ചടിയല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തേജക നടപടികളുടെ പിന്‍ബലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.8 ശതമാനത്തിലേക്ക് ഉയരുമെന്നും പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ ബര്‍ക്‌ളെയ്‌സ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പാദത്തില്‍ (ഏപ്രില്‍ ജൂണ്‍) ഏഴ് ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ച ജനുവരി മാര്‍ച്ചിലെ 7.5 ശതമാനത്തില്‍ നിന്നായിരുന്നു ഈ വീഴ്ച.


